ഒരു നാടൊന്നാകെ ഒരു രാത്രി കൊണ്ട് ഉരുളെടുത്തപ്പോൾ ബാക്കിയായ ജീവനുകൾ. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പലരും. കാണുന്നതും കേൾക്കുന്നതുമൊക്കെ ഇന്നലെ വരെ കൺമുന്നിൽ ഉണ്ടായിരുന്നവരുടെയും ഉറ്റവരുടെയും മരണവാർത്തകളും ചേതനയറ്റ ശരീരങ്ങളും. രാത്രിയിൽ അന്തിയുറങ്ങിയ വീടുകൾ കുത്തിയൊലിച്ചെത്തിയ മലവെളളം കവർന്നപ്പോൾ ബാക്കിയായത് ആശങ്കയും അനിശ്ചിതത്വവും മാത്രം. ഇനിയെന്ത് എന്ന ആശങ്കയിൽ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിനാളുകളെ വയനാട്ടിൽ കാണാം. എല്ലാവർക്കും പറയാനുളളത് സംഹാരരൂപം പൂണ്ട പ്രകൃതി കവർന്നെടുത്ത സമ്പാദ്യവും പ്രിയപ്പെട്ടവരെയും കുറിച്ച് മാത്രം…
കേരളം മുഴുവൻ ഒരുമിച്ച് കൈകോർക്കുകയാണ് വയനാട്ടിലെ സഹോദരങ്ങൾക്കായി. ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യത്തിന്റെയും നീക്കിയിരുപ്പിന്റെയും അവശേഷിപ്പുകൾ പോലുമില്ലാതെ സർവ്വവും നഷ്ടമായവർക്ക് താങ്ങായും തണലായും അവർ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ആ മനുഷ്യർക്കൊപ്പം ചേർന്നുനിൽക്കുകയാണ് വാഗമൺ ഉളുപ്പൂണി സ്വദേശിയും ബിജെപി വാഗമൺ ഏരിയ വൈസ് പ്രസിഡന്റുമായ വി.കെ ബാലൻ.
വയനാട്ടിൽ ഭൂമി നഷ്ടമായ ഏതാനും കുടുംബങ്ങൾക്ക് സ്വന്തം സ്ഥലത്തിന്റെ ഒരു ഭാഗം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ദുരന്തത്തിൽ വീടും വസ്തുവും നഷ്ടമായ മൂന്ന് പേർക്കാണ് അഞ്ച് സെന്റ് വസ്തു വീതം നൽകാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്. അവർക്ക് വീടൊരുങ്ങും വരെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും ബാലൻ ഉറപ്പുനൽകുന്നു.
ഏലപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വൃന്ദാവനം വീട്ടിലാണ് ബാലനും കുടുംബവും താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം. മകനും മകളും വിവാഹിതരായി വേറെയാണ് താമസം. സ്ഥലം നൽകാൻ സന്നദ്ധമാണെന്ന് പഞ്ചായത്തംഗം എബിൻ ബേബിയെയും ബാലൻ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
നേരത്തെയും ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് സഹായം വാഗ്ദാനം ചെയ്ത് ഉപ്പുതറ സ്വദേശിയും ഭാര്യയും രംഗത്തെത്തിയിരുന്നു. ദുരന്തത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും കുട്ടികളെ നോക്കാനും ഭാര്യ തയ്യാറാണെന്ന് കാണിച്ച് ഉപ്പുതറ സ്വദേശിയും പൊതുപ്രവർത്തകനുമാായ സജിൻ പാറേക്കര സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വാഗമണ്ണിൽ നിന്ന് മനുഷ്യത്വത്തിന്റെ മാതൃകയായി ബാലന്റെ ഭൂമി വാഗ്ദാനവും ചർച്ചയാകുന്നത്.