എറണാകുളം: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനെ കൈപിടിച്ചുയർത്താൻ നാടൊന്നാകെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്. വിവിധ സന്നദ്ധ സംഘടനകളും ദുരന്ത മുഖത്തേക്ക് സഹായവുമായി എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിരിക്കുകയാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. 35 ലക്ഷം രൂപയാണ് അടിയന്തരമായി കൈമാറിയത്. കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലെത്തിയാണ് നടൻ പണം കൈമാറിയത്. നസ്രിയ നസീമും ഫഹദ് ഫാസിലും 25 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മമ്മൂട്ടി നേതൃത്വം ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആംബുലൻസ് സർവ്വീസ്, മരുന്നുകൾ, അവശ്യവസ്തുകൾ മുതലായവയാണ് വയനാട്ടിലെത്തിക്കുക. ‘വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്തം ആയാലും വയനാടിനെ ചേർത്തുപിടിക്കും. ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു നൽകും. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണം’, കെയർ ആൻഡ് ഷെയർ അറിയിച്ചു.
തമിഴ് അഭിനേതാക്കളായ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായി രവി പിളള, കല്യാൺ ജ്വല്ലേഴേസ് ഉടമ കല്യാണരാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.