വയനാട്: കരസേനയുടെ നേതൃത്വത്തിൽ മുണ്ടക്കൈയിൽ നിർമിച്ച ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. സേനയുടെ വാഹനമാണ് ആദ്യമായി പാലത്തിലൂടെ കടന്നുപോയത്. അതിന് പിന്നാലെ സൈനികരും മന്ത്രിമാരും സന്നദ്ധപ്രവർത്തകരും പാലത്തിലൂടെ കടന്നുപോയി. അതീവ ശ്രമകരമായ ദൗത്യം മണിക്കൂറുകൾ മാത്രം എടുത്താണ് പൂർത്തിയാക്കിയത്. ബെയ്ലി പാലം പൂർത്തിയായതോടെ രക്ഷാദൗത്യം ഇനി വേഗത്തിലാകും.
ബുധനാഴ്ച രാവിലെയാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആയിരുന്നു നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ബെംഗളൂരുവിൽ നിന്നും ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച സാമഗ്രികൾ 17 ട്രക്കുകളിലാക്കിയാണ് വയനാട്ടിലേക്ക് കൊണ്ടുവന്നത്. നൂറുകണക്കിന് സൈനികരുടെ രണ്ട് ദിവസം നീണ്ട അദ്ധ്വാനത്തിലാണ് പാലം കെട്ടിപ്പടുത്തത്. മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് നിർമാണത്തിലേർപ്പെട്ടത്.
190 അടി നീളത്തിൽ ഒരുക്കിയ പാലത്തിന് 24 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. നീളം കൂടുതലായതിനാൽ പുഴയ്‌ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചിരുന്നു. ബെയ്ലി പാലം വഴി ഉപകരണങ്ങളും വാഹനങ്ങളും ഇനി മുണ്ടക്കൈയിലെത്തിക്കും. ഇവിടെ സ്ഥിരമായി പാലം വരുന്നത് വരെ ഈ പാലം ഇവിടെയുണ്ടാകും.
കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി 500-ലേറെ സൈനികരാണ് മൂന്ന് ദിവസമായി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉരുൾ തകർത്തെറിഞ്ഞ നാടിന് ആശ്വാസത്തിന്റെ കിരണമാകുകയാണ് ബെയ്ലി പാലം. അതിർത്തിയിൽ മാത്രമല്ല, ദുരന്തത്തിലും കൈത്താങ്ങാവുകയാണ് ഇന്ത്യൻ ആർമി.