യുഎഇയിൽ റസിഡന്റ് വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങിയത്.
സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡിൻറിൻറി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വകുപ്പ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവിൽ വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തങ്ങുന്നവർക്ക് പിഴകളോ ശിക്ഷയോ കൂടാതെ മടങ്ങിപോകാനുള്ള അവസരം ലഭിക്കും.
നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക. ഇതോടൊപ്പം നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് തൊഴിൽ വീസയിലേക്കോ മറ്റോ മാറാനുള്ള അവസരവും ഒരുങ്ങും.
ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് വീണ്ടും യുഎഇയിലേയ്‌ക്ക് വരാതിരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമോ എന്ന കാര്യമടക്കം കൂടുതൽ വിവരങ്ങൾ അധികൃതർ വരും ദിവസങ്ങളിൽ പുറത്തുവിടും. മുൻവർഷങ്ങളിൽ അപൂർവം കേസുകളിലേ ഇത്തരത്തിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളൂ.













