വയനാട്: ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9, 328 പേരെ മാറ്റിപാർപ്പിച്ചു. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 9 ക്യാമ്പുകളിൽ കഴിയുന്നവരുടെ കണക്കുകൾ ഉൾപ്പെടെയാണിത്. കാലവർഷം തുടങ്ങിയത് മുതൽ ജില്ലയിലെ അപകട മേഖലകളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 2,704 കുടുംബങ്ങളിലെ 3,393 പുരുഷന്മാരും 3,824 സ്ത്രീകളും 2,090 കുട്ടികളും 21 ഗർഭിണികളുമാണ് വിവിധ ക്യാമ്പുകളിൽ താമസിക്കുന്നത്.
മേപ്പാടി ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2,328 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, കോട്ടനാട് സർക്കാർ സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂൾ, നെല്ലിമുണ്ട അമ്പലം ഹാൾ, കാപ്പുംക്കൊല്ലി ആരോമ ഇൻ, മേപ്പാടി മൗണ്ട് ടാബോർ സ്കൂൾ, മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും കളക്ടർ നിർദേശിച്ചു.