ടെൽ അവീവ്: ഇറാനിൽ നിന്ന് ഉയരുന്ന ഏതൊരു ഭീഷണികൾക്കെതിരെയും ഇസ്രായേലിനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടതിന് പിന്നാലെ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ബൈഡന്റെ പ്രതികരണം. യുഎസ് സൈനികരെ മേഖലയിൽ വിന്യസിക്കുമെന്നും ബൈഡൻ അറിയിച്ചു.
മേഖലയിലെ സംഘർഷം കുറയ്‌ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ലെബനനും ഇറാനും പ്രഖ്യാപിച്ചിരുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. സൈനിക കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതിന് പ്രതികാരമായി ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിക്കുമെന്നാണ് ഹിസ്ബുള്ള ഭീഷണി മുഴക്കിയത്.
എന്നാൽ ഇറാനിൽ നിന്നും ഹിസ്ബുള്ള ഭീകരരിൽ നിന്നുമുള്ള ഭീഷണികളെ വകവയ്‌ക്കുന്നില്ലെന്നും, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. രാജ്യത്ത് നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഹമാസും, ഹിസ്ബുള്ളയും, യെമനിലെ ഹൂതി വിമതരും ഇറാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.















