ചെന്നൈ: തമിഴ്നാട്ടിലെ കൽപ്പാക്കം ആണവോർജ്ജ കേന്ദ്രത്തിൽ നിന്ന് ഇനി അപകട രഹിതമായ വൈദ്യുതി. അത്യാഹിതമുണ്ടായാൽ സ്വയം പ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കുന്ന പ്രൊട്ടോടൈപ്പ് ഫാസറ്റ് ബ്രീഡർ റിയാക്ടറിന് അറ്റോമിക്ക് എനർജി റെഗുലേറ്ററി ബോർഡ് പ്രവർത്തനാനുമതി നൽകി. 20 വർഷം നീണ്ട പരീക്ഷണ നിരിക്ഷണങ്ങളിലൂടെ തദ്ദേശിയമായാണ് റിയാക്ടർ വികസിപ്പിച്ചത്. 6,840 കോടി രൂപയാണ് നിർമാണ ചെലവ്.
റിയാക്ടർ പ്രവർത്തന സജ്ജമാകുന്നതോടെ റഷ്യയ്‌ക്ക് ശേഷം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ആണവ ഇന്ധനം നിറയ്‌ക്കാനും നിയന്ത്രിതമായി ആണവ വിഘടന പ്രക്രിയ ആരംഭിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. കർശനമായ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷമാണ് നടപടി.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ റിയാക്ടറുകൾ അത്യന്തം സുരക്ഷിതവും നൂതനുവുമാണ്. ഒപ്പം പുറന്തള്ളുന്ന ആണവ മാലിന്യങ്ങളുടെ അളവും തീരെ കുറവാണ്. നിലവിൽ പ്ലൂട്ടോണിയമാണ് റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. അധികം വൈകാതെ രാജ്യത്ത് വൻ ശേഖരമുള്ള തോറിയവും റിയാക്ടറിൽ ഇന്ധമാക്കാൻ സാധിക്കും.
റിയാക്ടറിലൂടെ വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിന് പിന്നാലെ കൽപ്പാക്കത്ത് രണ്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. ഇത് ഇന്ത്യയുടെ ആണവോർജ്ജ ശേഷിയും ഊർജ്ജ ലഭ്യതയും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.















