ന്യൂഡൽഹി: വയനാട് യാത്ര രാഹുൽ വെറും ഫോട്ടോ ഷൂട്ടിനുള്ള അവസരമാക്കി മാറ്റിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വയനാട്ടിൽ നിന്നുള്ള എംപിയായിട്ട് പോലും വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കിയതുകൊണ്ട് മരിച്ചവരുടെയും കുടിയിറക്കപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് സഹായകമാകില്ല. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേപ്പാടിയിലെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മാധവ് ഗാഡ്ഗിൽ നൽകിയ റിപ്പോർട്ട് കുഴിച്ചുമൂടിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ്. വയനാടിൽ പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടു. 200-ലധികം മരണങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഹുലിനുണ്ട്, അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ ഇത്രയും വലിയ ദുരന്തവും ആൾനാശവും സംഭവിച്ചിട്ടും തിരിഞ്ഞ് നോക്കാത്ത രാഹുലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
ദുരന്തം നടന്ന് മൂന്നാം നാളാണ് സഹോദരിയും ഐഐസിസി ജനറൽ സെക്രട്ടറിയുമായി പ്രിയങ്കയേയും കൂട്ടി രാഹുൽ എത്തിയത്. മത്സര രംഗത്തുണ്ടായിരുന്നപ്പോൾ വയനാട് തന്റെ വീടെന്നാണ് രാഹുൽ ആഹ്വാനം ചെയ്തത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആളാണ് പ്രദേശത്തെ ജനപ്രതിനിധി. അത്തരം ഒരാൾ സന്ദർശകനെ പോലെ വന്ന് പോയതിൽ വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ അമർഷമുണ്ട്.
അതേസമയം ദുരന്തം നടന്ന് മണിക്കൂറുകൾക്കം തന്നെ പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രദേശത്ത് എത്തിയിരുന്നു. വയനാട്ടിൽ ക്യാമ്പ് ചെയ്താണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.















