ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 50 പേരെ കാണാതായി. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നാശം വിതച്ചത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കലാവസ്ഥാ വകുപ്പ് കാൻഗ്ര, കുളു, മാണ്ഡി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കൂടാതെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാൻഗ്ര, കുളു, മാണ്ഡി, ഷിംല, ചമ്പ, സിർമൗർ എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വരെ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് കിട്ടുന്നതനുസരിച്ച് കൂടുതൽ മുന്നറിയിപ്പുകൾ നൽകുമെന്നും ഹിമാചൽ പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി ഓംകാർ ചന്ദ് ശർമ്മ പറഞ്ഞു.
സാധ്യമായ എല്ലാ സഹായവും കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും രണ്ട് എൻഡിആർഎഫ് ടീമുകളെ അധികമായി അയക്കുന്നതായും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും 125 ഉദ്യോഗസ്ഥരും ഒരു എഞ്ചിനീയർ ടാസ്ക് ഫോഴ്‌സും 20 പേരടങ്ങുന്ന മെഡിക്കൽ ടീമും അടങ്ങുന്ന മൂന്ന് സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.















