ബിഎസ്എൻഎല്ലിനോട് ഉപയോക്താക്കൾ വീണ്ടും ചങ്ങാത്തം കൂടുന്നു. രാജ്യമൊട്ടാകെ ഈ ട്രെൻഡ് പ്രകടമാണ്. ആന്ധ്രാപ്രദേശ് സർക്കിളിൽ മാത്രം 30 ദിവസം കൊണ്ട് രണ്ട് ലക്ഷം മൊബൈൽ സിമ്മുകളാണ് ബിഎസ്എൻഎൽ ആക്റ്റീവേറ്റ് ചെയ്തത്.
ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയതിന് പിന്നാലെ 23 ദിവസം കൊണ്ട് ഒരു ലക്ഷം കണക്ഷനുകൾ എന്ന നേട്ടം ബിഎസ്എൻഎൽ കൈവരിച്ചിരുന്നു. പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തിയവരും കുറവല്ല. ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആന്ധ്രയിലെ ചിറ്റൂരിൽ അടുത്തിടെ ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചിരുന്നു. വൈകാതെ തന്നെ സേവനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
സ്വകാര്യ കമ്പനികൾ ഡാറ്റ നിരക്കുകൾ ഉയർത്തിയപ്പോഴും ബിഎസ്എൻഎൽ പഴയ നിരക്കുകളിൽ തുടരുകയാണ്. ഇതും ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്. മറ്റ് നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് വേഗക്കുറവ് ആരോപിക്കുന്നുണ്ടെങ്കിലും 4ജി, 5ജി സേവനം യാഥാർത്ഥ്യമാകുന്നതോടെ ബിഎസ്എൻഎൽ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
#BSNLOnTheGo#AllEyesOnBSNL#NoPriceHike#PortIntoBSNL#JoinBSNLnow#BSNLAP pic.twitter.com/IYq3Xmy5Yg
— BSNL_Andhrapradesh (@bsnl_ap_circle) July 30, 2024