തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓഗസ്റ്റ് 4-ാം തീയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയവയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ് പാലിച്ച് പ്രവർത്തിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.















