ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്‌ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതതല അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്രിമരഹിതവും പാളിച്ചകൾ ഇല്ലാത്തതും സുതാര്യവുമായ പരീക്ഷാ നടത്തിപ്പിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. നീറ്റ്-യുജി പരീക്ഷ റദ്ദാക്കാതിരുന്നതിന്റെ കാരണങ്ങൾ വിശദമാക്കി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾക്ക് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത ചില കുപ്രചരണങ്ങളെ തള്ളിക്കളയുന്നതാണ് സുപ്രീംകോടതി വിധി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ താത്പര്യങ്ങളെ സംരക്ഷിച്ച സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ്-യുജി പരീക്ഷ റദ്ദാക്കാതിരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. കൂടാതെ കേന്ദ്രസർക്കാരിനും ദേശീയ പരീക്ഷാ ഏജൻസിക്കും ചില മുന്നറിയിപ്പുകളും നിർദേശങ്ങളും സുപ്രീംകോടതി നൽകി. നീറ്റ് പരീക്ഷയിൽ വീഴ്ചകൾ ആവർത്തിക്കരുതെന്നും പാളിച്ചകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട കോടതി, കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തു.
നീറ്റ് അടക്കമുള്ള ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഈ വർഷം തന്നെ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ദേശീയ പരീക്ഷാ ഏജൻസിയുടെ ഘടനയിലെ പോരായ്മകൾ പരിഹരിക്കണം. ചോദ്യ പേപ്പർ സൂക്ഷിച്ച സ്ട്രോംഗ് റൂമിന് പിന്നിലെ വാതിൽ തുറന്നുവച്ചതും ഗ്രേസ് മാർക്ക് അനുവദിച്ചതും അടക്കമുള്ള പാളിച്ചകൾ ഇനിയും ആവർത്തിക്കരുത്. സൈബർ സുരക്ഷയിലെ പോരായ്മകൾ തിരിച്ചറിയണം. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയൽ പരിശോധനയും സിസിടിവി നിരീക്ഷണവും മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച സമിതി ഇതിനായി മാർഗരേഖയുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.