മേപ്പാടി: മുണ്ടക്കൈയിൽ തെർമൽ സിഗ്നൽ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. ഫ്ലഡ് ലൈറ്റ് സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് മൂന്നാം തവണയും പരിശോധന നടത്തുകയാണ്. വൈകിട്ട് രണ്ട് തവണയാണ് പരിശോധന നടത്തിയത്.
ഇരുട്ട് മൂടിയതിനെ തുടർന്ന് പരിശോധന അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് തെരച്ചിൽ തുടരന്നത്. സ്ഥലത്ത് നിന്നും ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചത്. ഇത്, മനുഷ്യന്റെതാണെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പാമ്പിന്റെയോ തവളയുടെതോ ആകാമെന്ന സാധ്യതയും മുംബൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കുവച്ചിരുന്നു.
മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് അതീവ ജാഗ്രതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മണ്ണിനടിയിലുള്ളത് മനുഷ്യന്റെതായാലും മറ്റൊരു ജീവിയുടെതായാലും എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈനികർ. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയതിന് ശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധനാ ഏജൻസിയും ചേർന്ന് തെരച്ചിൽ നടത്തുന്നത്. ദുരന്തമേഖലയിലെ പരിശോധനയ്‌ക്കിടയിൽ ആദ്യമായാണ് ഒരു സിഗ്നൽ കണ്ടെത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്‌ക്കുശേഷമാണ് മുണ്ടക്കൈയിലെ ആരംഭിച്ചത്. സിഗ്നൽ ലഭിടച്ചതിന്റെ സമീപത്ത് വലിയൊരു കെട്ടിടമുണ്ട്. ഇത് തെരച്ചിൽ ദുഷ്കരമാകാനുള്ള സാധ്യത നിലനിൽക്കുന്നു.















