വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി സിനിമാ മേഖലയിൽ നിന്നും നിരവധിപേർ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ധനസഹായം ചെയ്യുന്നവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുമുണ്ട്. നടി നവ്യാ നായരും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് പണം കൈമാറിയത്. ‘ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി, പ്രാർത്ഥനയോടെ… ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’- എന്നായിരുന്നു നവ്യ കുറിച്ചത്.

സമൂഹമാദ്ധ്യമത്തിൽ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റ് പങ്കുവച്ചതോടെ നടിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാൾക്ക് നടി മറുപടിയും നൽകി. ‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ… നിങ്ങൾ പിക്ചർ ഇടാതിരുന്നാൽ പോരെ അതാണ് ശരിയെന്ന് തോന്നുന്നെങ്കിൽ.’ എന്നാണ് നവ്യനൽകിയ മറുപടി. ഇതോടെ താരത്തെ പിന്തുണച്ച് നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിരുന്നു.
കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം…. ബാക്കി ഉള്ളവർ കൊടുക്കുന്നത് പോലെ അല്ല സെലിബ്രിറ്റീസ് കൊടുക്കുന്നത്.. കാരണം, കൊടുത്തു എന്ന് ഒരു പോസ്റ്റ് ഇട്ടില്ലേൽ നീയൊക്കെ വേറെ പോസ്റ്റ് ഇടുമ്പോൾ “സിനിമ നടി ആയിട്ടും പോലും കൊടുത്തില്ല എന്ന് പറഞ്ഞു വരും., സിനിമാക്കാരെ വിടടെ അവർ പബ്ലിക് ഫിഗേഴ്‌സ് ആണ് അവർക്ക് ഇങ്ങനെ കൊടുത്താലേ പറ്റു.. അവർ എങ്ങനേലും കൊടുക്കട്ടെ നമ്മൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ കൊടുക്കാൻ നോക്ക് എന്നിങ്ങനെ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.















