പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്‌ത്തിയാണ് ചരിത്ര നേട്ടത്തിലെത്തിയത്. 19-21, 21-15, 21-12 എന്ന സ്‌കോറിനായിരുന്നു വിജയം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ചാണ് താരം സ്വപ്ന വിജയം നേടിയത്.
ഒളിമ്പിക്‌സ് ബാഡ്മിൻ്റൺ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ഖ്യാതിയാണ് ലക്ഷ്യാ സെൻ സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ് പ്രണോയിയെ മറികടന്നാണ് ലക്ഷ്യ ക്വാർട്ടറിലെത്തിയത്. സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവും ഒളിമ്പിക് ചാമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ ആക്‌സെൽസണും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആകും സെൻ നേരിടുക.