ശ്രീനഗർ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യാനായി ജമ്മുകശ്മീർ സന്ദർശിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, എസ്എസ് സന്ധു എന്നിവർ ഓഗസ്റ്റ് 8 മുതൽ 10 വരെയാകും ജമ്മു കശ്മീർ സന്ദർശിക്കുക.
ശ്രീനഗറിൽ ആദ്യം രാഷ്‌ട്രീയ പാർട്ടികളുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തും. ശേഷം സിഇഒ, എസ്പിഎൻഒ, സെൻട്രൽ ഫോഴ്‌സ് കോ-ഓർഡിനേറ്റർ, ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, പൊലീസ് സൂപ്രണ്ടുമാർ എന്നിവരുമായി കമ്മീഷൻ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യും. ഓഗസ്റ്റ് 10 ന് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുമായുള്ള അവലോകന യോഗത്തിനായി കമ്മീഷൻ ജമ്മു സന്ദർശിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യും.
ജമ്മു കശ്മീരിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയായ സെപ്റ്റംബർ 30-ന് മുമ്പ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരിൽ നിന്നുണ്ടായ സജീവ പങ്കാളിത്തവും ആവേശവും നിയമസഭാ തെരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്ന അഭിപ്രായത്തിലേക്ക് രാഷ്‌ട്രീയ പാർട്ടികളെ എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മൂന്ന് വർഷ കാലാവധി പൂർത്തിയാക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ജമ്മു കശ്മീർ ഭരണകൂടത്തോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.