മാനം നോക്കി മലർന്ന് കിടക്കുകയായിരുന്നു ആ പിഞ്ചോമന. മൂന്ന് മാസം പ്രായമായ കുഞ്ഞിന് മുന്നിലെത്തിയ ദൈവത്തിന്റെ കരങ്ങൾ അവന് പുതുജീവിതമാണ് സമ്മാനിച്ചത്. രൗദ്രഭാവം പൂണ്ട ഭൂമിയിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവൻ ആ കൈകളിൽ സുരക്ഷിതനായി മറുകരയിലെത്തി, അവിടെ പ്രാർത്ഥനയോടെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.
കണ്ണ് ഒന്ന് മാറിയാലോ കൈ ഒന്ന് ചലിച്ചാലോ ഒരു നിമിഷം കൊണ്ട് എല്ലാം തീരുമായിരുന്നു. താഴെ സംഹാരതാണ്ഡവമാടുന്ന പുഴയും മുകളിൽ രാക്ഷസഭാവത്തിലുള്ള ഭൂമി മുൻപിൽ നെഞ്ചിടിപ്പോടെ നിറകണ്ണുകളുമായി നിൽക്കുന്ന അമ്മയും. ശ്വാസമടക്കി കോഴിക്കോട് വെള്ളിമാടുകുന്ന് യൂണിറ്റിലെ ഓഫീസറും ചെറുകുളത്തൂർ സ്വദേശിയായ നിഖിൽ മല്ലിശേരി ആ സാഹസത്തിന് മുതിർന്നു.
പ്ലാസ്റ്റിക് ബക്കറ്റ് സംഘടിപ്പിച്ച് അതിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തി. ശേഷം കൈയിൽ വാങ്ങി. വളരെ ശ്രദ്ധയോടെയാണ് കയറിൽ തൂങ്ങി കുഞ്ഞുമായി നിഖിൽ മറുകരയിലെത്തിയത്. ഇക്കരെയെത്തും വരെ കുഞ്ഞ് കരഞ്ഞില്ല. തനിക്ക് എന്ത് സംഭവിച്ചാലും കുഞ്ഞിനെ ജീവനോടെ എത്തിക്കുമെന്ന് അമ്മയ്‌ക്ക് നൽകിയ വാക്കി പാലിച്ചതിന്റെ സന്തോഷത്തിലും ഒരു ജീവൻ രക്ഷിച്ച് ആശ്വസത്തിലുമായിരുന്നു നിഖിൽ അപ്പോൾ.
റോപ്പ് റെസ്ക്യൂ ടീം വയനാട്ടിൽ അടിയന്തരമായി എത്തണമെന്ന് നിർദേശത്തെ തുടർന്നാണ് കോഴിക്കോട് ടീം വയനാട് എത്തുന്നത്. വെള്ളം കയറിയ പ്രദേശത്ത് നിന്ന് ആളുകളെ ഒഴുപ്പിക്കുകയായിരുന്നു ആദ്യ നിർദേശം. ഇത് പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് നീങ്ങി. ഇവിടെയാണ് അമ്മയും കുഞ്ഞും കുത്തിയൊഴുകുന്ന പുഴയ്‌ക്ക് അക്കരെ നിൽക്കുന്നത് കണ്ടത്. രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കാനാണ് നിഖിൽ അക്കരയിലെത്തിയതെങ്കിലും നിസഹായരായ മനുഷ്യരെ കണ്ട് രക്ഷിച്ച് മറുകരയിലെത്തുകയായിരുന്നു.















