ന്യൂഡൽഹി: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മൻസൂർ പാഷ, റിയാസ് എച്ച് വൈ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മുസ്തഫ പൈച്ചറിന് ഒളിവിൽ കഴിയുന്നതിന് ഉൾപ്പെടെ സഹായം നൽകിയെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സമാധാന അന്തരീക്ഷം തകർത്ത് കൊണ്ട് ജനങ്ങൾക്കിടയിൽ ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവീണിനെ പൊതുഇടത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.2022 ജൂലൈ 27നാണ് ദക്ഷിണ കന്നഡ ജില്ലാ പൊലീസ്, ബെല്ലാരി പൊലീസ് സ്റ്റേഷനിൽ ആദ്യ റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമങ്ങളും ഐപിസിയുടെ വിവിധ വകുപ്പുകളും പ്രകാരം ദക്ഷിണ കന്നഡ ജില്ലയും എൻഐഎയും 2022 ഓഗസ്റ്റ് 4ന് വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
19 പ്രതികളെയാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലായിരുന്ന മുസ്തഫയെ ഇക്കഴിഞ്ഞ മെയ് 10നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പിഎഫ്‌ഐ സർവീസ് ടീമിന്റെ മാസ്റ്റർ ട്രെയിനറായിരുന്നു ഇയാൾ. മുസ്തഫയ്‌ക്കൊപ്പം തന്നെയാണ് മൻസൂർ പാഷയേയും പിടികൂടിയത്. രാജ്യത്ത് നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ 3നാണ് മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് റിയാസ് പിടിയാലാകുന്നത്. കേസിൽ ഇനി ഏഴ് പേരാണ് പിടിയാലാകാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും എൻഐഎ അറിയിച്ചു.