ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെത്തിയത് 10,675 അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യാൻമർ, ബംഗ്ലാദേശ്, നോർവേ, ചൈന, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
മണിപ്പൂർ നിയമസഭയുടെ ആറാം സമ്മേളനത്തിൽ എം.എൽ.എ സുർജകുമാർ ഒക്രത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എൻ ബിരേൻ സിംഗ്. 85 കുടിയേറ്റക്കാരെ ഇതുവരെ തിരികെ അയച്ചിട്ടുണ്ട്. 143 കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരുടെ പരിപാലനത്തിനായി 85,55,761 രൂപ ചെലവഴിച്ചു.
സംസ്ഥാനത്തേക്കുള്ള കുടിയേറ്റം തടയാൻ ചുരാചന്ദ്പൂർ, ചന്ദേൽ, തെങ്‌നൗപാൽ, കാംജോങ്, ഫെർസാവൽ ജില്ലകളിലെ അനധികൃത കുടിയേറ്റം കണ്ടെത്താനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. 2023 മാർച്ച് 24 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. മണിപ്പൂരിലെ അക്രമ സംഭവങ്ങൾ പൊട്ടിപുറപ്പെടുന്നതിന് മുൻപ് മ്യാൻമറിൽ നിന്നുള്ള 2,480 അനധികൃത കുടിയേറ്റക്കാരെ സമിതി കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതിർത്തി ജില്ലയിലെ അനധികൃത കുടിയേറ്റക്കാരെ പരിശോധിക്കാനും നിരീക്ഷിക്കാനും സംസ്ഥാന സർക്കാർ അഞ്ച് അതിർത്തി ജില്ലകളിൽ സിവിൽ, പോലീസ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മണിപ്പൂരിൽ 120 കിലോമീറ്റർ അതിർത്തി വേലി സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 80 കിലോമീറ്റർ ഭാഗത്തേക്ക് കൂടി നിർമാണം വിപുലീകരിക്കുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചിട്ടുണ്ടെന്നും 21.86 കിലോമീറ്റർ നീളത്തിൽ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ബിരേൻ സിംഗ് പറഞ്ഞു.