ഒളിമ്പിക്‌സിലെ ഹാട്രിക് മെഡൽ ലക്ഷ്യമിട്ടിറങ്ങിയ മനു ഭാക്കറിന് നിരാശ. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ 28 പോയിന്റുമായി നാലാമതായാണ് താരം ഫിനിഷ് ചെയ്തത്. ഒരു ഘട്ടത്തിൽ മുന്നിട്ടുനിന്നതിന് ശേഷമാണ് മനുവിന്റെ തോൽവി.
അവസാന സെറ്റിൽ അഞ്ചിൽ മൂന്ന് ഷൂട്ടിലും ഇന്ത്യൻ താരത്തിന് പിഴച്ചു. ഹംഗറിയുടെ വെറോണിക്കയോടാണ് താരം പരാജയപ്പെട്ടത്. ദക്ഷിണകൊറിയയുടെ ജിൻ യാംഗ് സ്വർണവും ഫ്രാൻസിന്റെ കാമിലി ജെഡ്രെജെവ്‌സ്‌കി വെള്ളിയും നേടി.
10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
ആർച്ചറിയിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ദീപികാ കുമാരി ക്വാർട്ടറിൽ പ്രവേശിച്ചു. ജർമ്മൻ താരം മിഷേൽ ക്രോപ്പനെ വീഴ്‌ത്തിയാണ് ക്വാർട്ടറിന് യോഗ്യത നേടിയത്. ആവേശകരമായ മത്സരത്തിൽ 6-4നാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം.