സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്ഷയ് കുമാർ. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സുരൈ പോട്രയുടെ ഹിന്ദി റീമേക്കായ സര്‍ഫിറാ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ചില സിനിമകള്‍ വിജയിച്ചില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കരുത്. ഓരോരുത്തരും സ്വന്തം അഭിപ്രായം പറയുന്നു. അതിൽ തനിക്ക് വിഷമം ഇല്ല. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ചെയ്തതുപോലെയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറഞ്ഞു.
പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണൊണ് കരുതുന്നത്. നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ലെന്നത് യാഥാർത്ഥ്യമാണ്. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ചതിന് ശേഷമുളള അനുശോചന കുറിപ്പ് പോലെയാണ് ചില സന്ദേശങ്ങൾ. ഒരിക്കല്‍ ഒരു മാദ്ധ്യമ പ്രവര്ത്തകന് ‘അക്ഷയ് കുമാര്‍ തിരിച്ചുവരും’ എന്ന തരത്തിൽ ലേഖനം എഴുതി. ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയതെന്ന് ചോദിച്ചിട്ടുണ്ട്.
ഞാൻ എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോകുന്നു, പണം സമ്പാദിക്കുന്നു. ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല. ഖേല്‍ ഖേല്‍ മേയുടെ ട്രെയിലര്‍ ലോഞ്ചില്‍ താരം പറഞ്ഞു.