കോഴിക്കോട്: ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത നിയമനത്തിന് സർക്കാർ അനുവാദം നൽകുന്ന പക്ഷം ജോലി നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ഇത് കൂടാതെ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് വച്ച് നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങൾക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നൽകുന്ന സ്ഥലത്താകും വീട് നിർമ്മിക്കുന്നതെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാകും 120 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകുന്നത്. ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4 കോടി രൂപയാണ്. ഇതിൽ നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്.