ന്യൂഡൽഹി: ശ്രീരാമൻ ജീവിച്ചിരുന്നതിന് തെളിവുകളില്ലെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ എസ് എസ് ശിവശങ്കറിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. അരിയല്ലൂർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ ചോള രാജവംശത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഡിഎംകെ നേതാവിന്റെ പരാമർശം.
രാജേന്ദ്ര ചോളന്റെ ജന്മവാർഷികം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. ചോളവംശത്തിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്തവരല്ലെ ചോളവംശത്തെ പുകഴ്‌ത്തുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. മന്ത്രിമാരായ ശിവശങ്കറും രഘുപതിയും ഒന്നിച്ചിരുന്ന് രാമനെ കുറിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും അണ്ണാമലൈ പരിഹസിച്ചു.
രാജേന്ദ്ര ചോളന്റെ ജന്മവാർഷികം ആഘോഷിച്ചില്ലെങ്കിൽ ഒട്ടും പ്രാധാന്യമില്ലാത്ത ചിലരുടെ പലതും ആഘോഷിക്കേണ്ടി വരുമെന്നും അതിനാൽ രാജേന്ദ്ര ചോളന്റെ ഈ സുപ്രധാന ദിവസം ആഘോഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ശിവശങ്കർ പറഞ്ഞു.
രാജേന്ദ്ര ചോളൻ ജീവിച്ചിരുന്നുവെന്ന് കാണിക്കാൻ അദ്ദേഹം നിർമിച്ച ജലാശയങ്ങളും ക്ഷേത്രങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പേര് ലിപികളിലും പരാമർശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണകൾക്കായി പ്രതിമകളും ശിലകളുമുണ്ട്. എന്നാൽ രാമൻ ഉണ്ടായിരുന്നതിന് തെളിവുകളോ മറ്റ് അടയാളങ്ങളോ ഏതൊന്നുമില്ല- എന്നായിരുന്നു ഡിഎംകെ നേതാവിന്റെ വിവാദ പരാമർശം.















