ഗുവാഹത്തി: അസമിലെ മോറിഗാവ് ജില്ലയിൽ 27,000 കോടി ചെലവഴിച്ച് ടാറ്റാ ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു. അസമിലെ ജനങ്ങൾക്ക്
ഇന്ന് സുവർണ്ണ ദിനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ പറഞ്ഞു. സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ടാറ്റ സൺസ് ലിമിറ്റഡിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
വ്യവസായം ആരംഭിക്കുന്നതിന് കമ്പനിക്ക് വേണ്ട എല്ലാം പിന്തുണയും സർക്കാർ നൽകുമെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഹിമന്തബിശ്വ ശർമ്മ ഉറപ്പ് നൽകി. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ചതിന് ശേഷവും, വളരെ കുറച്ച് സ്വകാര്യ കമ്പനികൾ മാത്രമേ നിക്ഷേപവുമായി മുന്നോട്ട് വന്നുള്ളൂ. ഇത്തരം ഒരു ആവശ്യമുമായി ടാറ്റയെ സമീപിച്ചപ്പോൾ അവർ ഉടൻ സമ്മതം അറിയിച്ചു. രാജ്യത്തെ ഏത് സംസ്ഥാനത്തും ടാറ്റയ്‌ക്ക് ഈ വ്യവസായം സ്ഥാപിക്കാമായിരുന്നു, എന്നാൽ അവർ അസമിനെ തന്നെ തിരഞ്ഞെടുത്തു, അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്ഥലത്താണ് ടാറ്റയുടെ പ്ലാന്റ് ഒരുങ്ങുന്നത്. 2025-ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. സ്ഥാപനം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 30,000 പേർക്ക് ജോലി ലഭിക്കും. ഇതിനകം റിക്രൂട്ട് ചെയ്ത തദ്ദേശീയരായ 1,000 പെൺകുട്ടികൾ
ബെംഗളൂരിവിലെ ഹൊസൂരിൽ പരിശീലനത്തിലാണ്. ഈ വർഷം മാർച്ച് 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചിരുന്നു.















