തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിനാലാണ് മഴ ശക്തമാകുന്നത്. മൺസൂൺ പാത്തിയും സജീവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















