ന്യൂഡൽഹി: ആറ് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. ഇവർ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. പോലീസുകാരടക്കമുള്ള ആറു ഉദ്യോഗസ്‌ഥരും മയക്കുമരുന്ന് വിൽപനയിലൂടെയാണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതായി കണ്ടെത്തിയത്.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 311 (2) (സി) പ്രകാരം ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി കൈക്കൊണ്ടത്. പാകിസ്താന്റെ ഐഎസ്ഐ നടത്തുന്ന നാർക്കോ-ഭീകര ശൃംഖലയുമായും അവരുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായും ഉദ്യോഗസ്‌ഥർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ജമ്മുകശ്മീരിൽ തീവ്രവാദത്തെയും വിഘടനവാദത്തെയും പിന്തുണയ്‌ക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമാണ് ആർട്ടിക്കിൾ 311(2)(സി) പ്രകാരമുള്ള ഈ പ്രോ-ആക്ടീവ് നടപടി ആരംഭിച്ചത്. ഇത് പ്രകാരം വിഘടനവാദികളും അവരുടെ അനുഭാവികളും സിവിൽ സർവീസ് പോലുള്ള ഉന്നത തസ്തികകളിലേക്ക് നുഴഞ്ഞു കയറുന്നില്ലെന്ന് റപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ പ്രൊമോഷൻ ഘട്ടത്തിലും ഇൻ്റലിജൻസ് വകുപ്പിൽ നിന്ന് ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റും ക്ലിയറൻസും തേടേണ്ടത് ഇപ്പോൾ നിർബന്ധമാണ്.















