ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അനധികൃതമായി താമസിച്ചുവന്ന റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചിൽ നിന്നാണ് വിദേശ ദമ്പതികളെ പിടികൂടിയത്. ഡെനിസ് ലാറിന, യൂലിയ സുലനോവ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ രണ്ട് മാസമായി ദമ്പതികൾ വനത്തിൽ താമസിച്ചുവരികയാണെന്ന് പൊലീസ് കണ്ടെത്തി. രണ്ട് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരി ബവ്റി വനത്തിന് സമീപത്തായി ടെന്റ് നിർമിച്ചാണ് ദമ്പതികൾ താമസിച്ചിരുന്നത്. 1946-ലെ ഫോറിനേഴ്‌സ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
വനത്തിനുള്ളിൽ വിദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 2015-ൽ കാലാവധി അവസാനിച്ച വിസയാണ് ഇവരുടെ കൈവശമുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ധരംശാലയിൽ എത്തുന്നതിന് മുമ്പ് ദമ്പതികൾ ഗോവയിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.















