വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വൈകാരികമായ കുറിപ്പുമായി മോഹൻലാൽ. വയനാട്ടിലുണ്ടായത് ആഴത്തിലുള്ള മുറിവാണെന്നും അത് ഉണങ്ങാൻ ഒരുപാട് സമയമെടുക്കുമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സന്ദർശനം നടത്തുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
വയനാട്ടിലേത് ആഴത്തിലുള്ള മുറിവാണ്, അത് ഉണങ്ങാൻ സമയമെടുക്കും. ഓരോ വീടിന്റെ തകർച്ചയും വ്യക്തിപരമായ ദുരന്തമാണ്. അടിയന്തര സഹായമായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും. മുണ്ടക്കൈയിലെ വെള്ളാർമല എൽപി സ്കൂൾ പുനർ നിർമിക്കും.
എന്റെ 122 ടിഎ മദ്രാസ് ബെറ്റാലിയനിലെ ഓരോ സൈനികന്റെയും പ്രയത്നങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാർത്ഥമായ പ്രവർത്തനവും തളരാതെ പിടിച്ചുനിൽക്കുന്ന സമൂഹവും കൂടുതൽ പ്രതീക്ഷ നൽകുന്നു. ഈ മുറിവ് ഉണക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. കൂടുതൽ ശക്തരാകാമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
സൈനിക യൂണിഫോമിലാണ് മോഹൻലാൽ ദുരന്തമുഖത്തെത്തിയത്. ലഫ്. കേണൽ പദവിയുള്ള മോഹൻലാൽ അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും രക്ഷാപ്രവർത്തനത്തിന് സജീവമായുണ്ട്. ആദ്യം ചൂരൽമലയിലേക്കും പിന്നീട് മുണ്ടക്കൈയും അദ്ദേഹം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും താരം സംഭാവന ചെയ്തിരുന്നു.