വയനാട്: ഉരുളെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡിസ്ട്രെസ് റിലീഫ് ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റിയുടെ പേരിൽ 25 ലക്ഷം രൂപ നൽകി. ധനലക്ഷ്മി ബാങ്ക് വഴിയാണ് പണം കൈമാറിയതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
വയനാട്ടിലെ ദുരിത ബാധിതർക്കായി വിവിധയിടങ്ങളിൽ നിന്നാണ് സഹായങ്ങളെത്തുന്നത്. സേവാഭാരതി വഴിയും നിരവധി സഹായങ്ങൾ വയനാടിനെ തേടിയെത്തുന്നുണ്ട്. ഇതിനുപുറമെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ധനസഹായം കൈമാറിയിരുന്നു.
മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി 25 ലക്ഷം രൂപ കൈമാറുകയും ചെയ്തു. മമ്മൂട്ടി ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനെ സഹായിക്കാൻ പണം നൽകിയത്.