കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതിനാലാണ് തെരച്ചിൽ പുനരാരംഭിക്കുന്നതെന്ന് കർണാടക സർക്കാർ അറിയിച്ചു. 13 ദിവസത്തെ തെരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ രൂപപ്പെട്ട മണ്ണുമലയിൽ ലോറിയുടേതെന്ന് കരുതുന്ന റഡാർ സിഗ്നൽ ലഭിച്ചിരുന്നു. ഈ ഭാഗത്തുള്ള പരിശോധനയാണ് നാളെ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘമായ ഈശ്വർ മാൽപെയും സംഘവും പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം തൃശൂരിൽ നിന്നുള്ള യന്ത്രങ്ങൾ രക്ഷാദൗത്യത്തിനായി കൊണ്ടുപോകുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചത്.















