കൊളംബോ: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയായ ഐഎൻഎസ് ശൽക്കി ദ്വിദിന സന്ദർശനത്തിനായി ശ്രീലങ്കയിലെ കൊളംബോയിലെത്തി. ഓഗസ്റ്റ് 2 മുതൽ 4 വരെയാകും ഐഎൻഎസ് ശൽക്കി കൊളംബോയിലുണ്ടാവുകയെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
കമാൻഡർ രാഹുൽ പട്‌നായിക്കിന്റെ നേതൃത്വത്തിൽ 40 ജീവനക്കാരുമായി ഓഗസ്റ്റ് 2 ന് കൊളംബോയിലെത്തിയ ഐഎൻഎസ് ശൽക്കിയെ ആചാരപൂർവ്വമായ ബഹുമതികളോടെയാണ് ശ്രീലങ്കൻ നാവികസേന സ്വീകരിച്ചത്. അന്തർവാഹിനി കൊളംബോയിലുണ്ടാവുമ്പോൾ ശ്രീലങ്കൻ നാവികസേനയുടെ ഉദ്യോഗസ്ഥർ ഐഎൻഎസ് ശൽക്കിയുടെ പ്രവർത്തന സവിശേഷതകളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കും.
കൂടാതെ സന്ദർശനവേളയിൽ കമാൻഡിംഗ് ഓഫീസറായ രാഹുൽ പട്‌നായിക്ക് വെസ്റ്റേൺ നേവൽ ഏരിയ കമാൻഡർ റിയർ അഡ്മിറൽ ഡബ്ല്യുഡിസിയു കുമാരസിംഗയെയും സന്ദർശിക്കും. ഇതിനു പുറമെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെയും ശ്രീലങ്കൻ പ്രതിരോധ സേനയിലെയും ഉദ്യോഗസ്ഥരും അന്തർവാഹിനി സന്ദർശിക്കും.















