തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ദക്ഷിണ റെയിൽവേയിലെ 44- ദീർഘദൂര ട്രെയിനുകളിലെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും. കേരളത്തിലൂടെ ഓടുന്ന 16- ട്രെയിനുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) ട്രെയിനുകളിലാണ് ഒന്നോ രണ്ടോ അധിക കോച്ചുകൾ അനുവദിക്കുക.
തേർഡ് എസി കോച്ചുകളുടെ എണ്ണം കുറച്ചാണ് ജനറൽ കോച്ചുകൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ എൽഎച്ച്ബി. കോച്ചുള്ള നേത്രാവതി എക്‌സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കില്ല. പ്ലാറ്റ്ഫോമുകൾക്ക് നീളം കുറവായതാണ് ഇതിന് കാരണം.
നേത്രാവതിയിൽ ഒന്നര ജനറൽ കോച്ചാണുള്ളത്. അതിൽ അര ഭാഗം തപാൽ വകുപ്പിനുള്ളതാണ്. മംഗളയിൽ രണ്ടുകോച്ചുകളുമുണ്ട്. ഭൂരിഭാഗം ട്രെയിനുകളും പരമ്പരാഗത കോച്ചിൽ നിന്ന് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്. പ്ലാറ്റ്ഫോമിന് നീളമില്ലാത്തതിനാൽ ചില ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം പരമാവധി 22 ആണ്.















