തിരുവനന്തപുരം: സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ മത്സ്യകൃഷിയിൽ വൻ മുന്നേറ്റത്തിന് വഴി തുറക്കുന്നതാണ് പുത്തൻ നേട്ടം.
ഉയർന്ന വിപണിമൂല്യമുള്ള ഇവയെ കൂടുകളിലും കടലിലും ജലാശയങ്ങളിലും കൃഷി ചെയ്ത് മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താം. വേഗത്തിൽ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. ഇന്തോ-പസഫിക് മേഖലയിൽ വറ്റയ്ക്ക് ആവശ്യക്കാരേറെയാണ്. 400 മുതൽ 700 രൂപ വരെയാണ് വില. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉൾക്കടലിലും ഇവയെ കണ്ടുവരുന്നു.
സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ കൂടുകൃഷിയിൽ വറ്റ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളർച്ച നേടുന്നതായി കണ്ടെത്തി. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ. എം ശക്തിവേൽ, ഡോ. ബി സന്തോഷ് എന്നിവർ നേതൃത്വം നൽകി.