വയനാട് ; ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് പറഞ്ഞ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ . പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെർപ്പുളശ്ശേരി പൊലീസിന്റെ എഫ്.ഐ.ആറിലുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന സന്ദേശങ്ങൾ ചിലർ മുന്നോട്ട് വച്ചിരുന്നു . സമൂഹം ഒന്നടങ്കം അഭിനന്ദിച്ചവരെ അപമാനിക്കാനാണ് ചിലർ ശ്രമിച്ചത് .
ഇത്തരമൊരു ഫേസ്ബുക് പോസ്റ്റിന് കീഴിൽ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലുകയും ചെയ്തിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. കെ.ടി. ജോർജ് എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.