കടൽനിരപ്പ് ഉയരുന്നത് മൂലം 2040 ആകുമ്പോഴെക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പലതും വെള്ളത്തിനടിയിലാകുമെന്ന് വീണ്ടും പഠന റിപ്പോർട്ട്. മുംബൈ, ചെന്നൈ, പനജി തുടങ്ങിയ നഗരങ്ങളിൽ പത്ത് ശതമാനവും കൊച്ചിയിൽ അഞ്ച് ശതമാനം വരെയും കര ഭൂമി കടലെടുത്തേക്കുമെന്നാണ് മുന്നറിയിപ്പ്.
ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആൻഡ് പോളിസി (CESTEP) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് കടൽ ജലനിരപ്പ് ഉയരുക. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും അഞ്ച് ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലും. 2100 ആകുമ്പോഴെക്കും സമുദ്രനിരപ്പ് ഉയരാനുള്ള സാധ്യയേറെയാണെന്നും അന്തരീക്ഷ മലിനീകരണത്തിന്റെ വിപത്ത് ചെറുതല്ലായിരിക്കുമെന്നും പഠനം ഓർമിപ്പിക്കുന്നു.