രുദ്രപ്രയാഗ് : കനത്ത മഴയെ തുടർന്ന് കേദാർനാഥിൽ കുടുങ്ങികിടന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. കേദാർനാഥ് ധാമിലും ഫുട്പാത്തിലും ഹാൾട്ടുകളിലും കുടുങ്ങിയ തീർഥാടകരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് .
കാലാവസ്ഥ പ്രതികൂലമായതിനാൽ വ്യോമസേന ഹെലികോപ്ടറുകളായ ചിനൂക്കും എംഐ-17നും ശനിയാഴ്ച പറന്നുയരാനായില്ല. ഭീംബാലി, ചീർവാസ, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 1000 തീർഥാടകരെ ചെറിയ ഹെലികോപ്റ്ററുകൾ എത്തിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് .
NDRF, SDRF, ക്ഷേത്ര കമ്മിറ്റി ടീമുകൾ 600 പേരെ ദുർഘടമായ ബദൽ വഴികളിലൂടെ കേദാർനാഥ് ഗദ്ദമിലേക്ക് മാറ്റി. 400 പേരെ ഹെലികോപ്റ്ററുകൾ വഴിയും മാറ്റി.
ഇതുവരെ 9,099 തീർഥാടകരെയും പ്രദേശവാസികളെയുമാണ് ഒഴിപ്പിച്ചത് . 1000 ഓളം തീർഥാടകർ ഇപ്പോഴും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്തിയ തീർഥാടകരിൽ പലരുമായും ഇതുവരെ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും രുദ്രപ്രയാഗ് പോലീസ് സൂപ്രണ്ട് ഡോ. വിശാഖ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു.
ജൂലൈ 31 ന് രാത്രി കേദാർ ഘട്ടിൽ മേഘസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായ ശേഷം, പതിനായിരത്തോളം തീർഥാടകർ ധാമിൽ കുടുങ്ങി. സംഭവസമയത്ത് ഭീംബാലി, ലിൻചോളി, ചിർബാസ, ഗൗരികുണ്ഡ് പ്രദേശങ്ങളിലുണ്ടായിരുന്ന നിരവധി പേർ മന്ദാകിനി നദിയുടെ കുത്തൊഴുക്ക് കണ്ട് ജീവൻ രക്ഷിക്കാൻ വനത്തിലേക്ക് ഓടി.
രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞ ഇവർ രാവിലെ സുരക്ഷിത ക്യാമ്പുകളിലേക്ക് മടങ്ങി. NDRF, SDRF, പോലീസ്, ദുരന്തനിവാരണ വകുപ്പ് എന്നിവയുടെ 882 അംഗ സംഘം വഴി കഴിഞ്ഞ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്ന തീർഥാടകരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇതിനായി ചിനൂക്ക്, എംഐ-17 ഉൾപ്പെടെ ഏഴ് ഹെലികോപ്റ്ററുകളും മൂന്ന് ദിവസം മുമ്പ് കേന്ദ്രസർക്കാർ ലഭ്യമാക്കിയിരുന്നു.















