5 ജി സേവനങ്ങളുടെ പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിച്ച് ബിഎസ്എൻഎൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 5ജി നെറ്റ്വർക്ക് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചു. ബിഎസ്എൻഎല്ലിന്റെ 5ജി നെറ്റ്‌വർക്ക് പരീക്ഷിക്കുന്നതിനായി സി-ഡോട്ട് കാമ്പസിലെത്തിയതായിരുന്നു മന്ത്രി.
വീഡിയോ കോളിന്റെ മറുവശത്തുള്ള സ്ത്രീയോട് മുറിക്ക് പുറത്തേക്ക് പോകാൻ നിർദേശിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ പറയുന്നത് കേൾക്കാനും വ്യക്തമായി കാണാനും സാധിക്കുന്നുണ്ടോയെന്ന് മന്ത്രി ആരായുന്നതും വീഡിയോയിൽ കാണാം. പറയുന്നത് വ്യക്തമായി കാണാനും കേൾക്കാനും സാധിക്കുമെന്ന് സ്ത്രീ വീഡിയോ കോളിൽ മറുപടിയും നൽകുന്നുണ്ട്. ബിഎസ്എൻഎൽ 5ജി ആണ് ഉപയോഗിക്കുന്നതെന്നും അവർ പറയുന്നുണ്ട്.
Connecting India!
Tried @BSNLCorporate ‘s #5G enabled phone call.📍C-DoT Campus pic.twitter.com/UUuTuDNTqT
— Jyotiraditya M. Scindia (@JM_Scindia) August 2, 2024
ബിഎസ്എൻഎല്ലിന്റെ വരിക്കാരുടെ എണ്ണം വർദ്ധിക്കുകയാണെന്നും തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‌വർക്ക് ഉടൻ സേവനം ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉടൻ തന്നെ 5ജി സേവനം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളോട് കൂടിയാകും 4ജി നെറ്റ്വർക്ക് ജനങ്ങളിലേക്ക് എത്തുക. വരും മാസങ്ങളിൽ രാജ്യത്ത് സേവനം ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വികസിപ്പിക്കണമെങ്കിൽ ചൈനയിൽ നിന്നോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നോ യാതൊരുവിധത്തിലുള്ള ഉപകരണങ്ങളും ഉപയോഗിക്കില്ലെന്നും ഇന്ത്യൻ നിർമിതമായിരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാരണത്താലാണ് ജിയോ, എയർടെൽ, വോഡാഫോൺ തുടങ്ങിയ കമ്പനികൾ 4ജി സേവനം രാജ്യത്ത് ആരംഭിച്ചപ്പോഴും ബിഎസ്എൻഎൽ 3 ജി സേവനത്തിൽ ഒതുങ്ങിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ സ്വന്തമായി 4G സ്റ്റാക്ക്, കോർ സിസ്റ്റം അല്ലെങ്കിൽ റേഡിയേഷൻ ആക്സസ് നെറ്റ്‌വർക്ക് (RAN) എന്ന ടവറുകൾ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി തദ്ദേശീയ സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഭാരതം മാറുമെന്നും ടവറുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണെന്നും സിന്ധ്യ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ 80,000 ടവറുകളും അടുത്ത വർഷം മാർച്ചോടെ 21,000 ടവറുകളും സ്ഥാപിക്കും. 2025 മാർച്ചോടെ ഒരു ലക്ഷം 4ജി നെറ്റ്‌വർക്കുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.