69ാമത് സൗത്ത് ഫിലിം ഫെയർ അവാർഡ് വേദിയിലും മുഴങ്ങിയത് വയനാടിന്റെ നൊമ്പരം . ഇത്തവണ ഹൈദരബാദിൽ വെച്ചായിരുന്നു സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൗത്ത് ഫിലിം ഫെയർ അവാർഡ് നിശ . മലയാളത്തിലെ മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രമാണ്.
ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻ്ഡ്രി ആയിരുന്നു 2018 സിനിമ. 2018ൽ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ചെയ്ത ചിത്രമാണിത് . മികച്ച സിനിമക്കുള്ള അവാർഡ് വാങ്ങാൻ വന്ന നിമിഷത്തിൽ ജൂഡ് ആന്റണിയാണ് വയനാടിനെ കുറിച്ചുള്ള നൊമ്പരങ്ങൾ പങ്ക് വച്ചത് .
‘ ഇത്രയും വലിയ താരങ്ങൾക്കു മുന്നിൽ വെച്ച് അവാർഡ് വാങ്ങാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. മാത്രമല്ല ഹൈദരബാദിൽ വെച്ച് ഈ അവാർഡ് നേടിയതിലും സന്തോഷം. കാരണം എന്റെ സിനിമ 2018 ന്റെ പല ഭാഗങ്ങളും ഹൈദരബാദിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം 2018 എന്ന ഈ സിനിമ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന്.
ഞാനും ഇതിൽ അഭിനയിച്ച പല താരങ്ങളും 2018ലെ ആ പ്രളയത്തെ അതിജീവിച്ചവരാണ്. അതിനാൽ തന്നെ ഈ ഒരു വിഷയത്തെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു സിനിമ ചെയ്യണമെന്നും പ്രേക്ഷകരിലേക്ക് അതൊരു മെസേജ് പോലെ എത്തിക്കണമെന്നും ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ വീണ്ടും അത്തരമൊരു ദുരന്തമുഖമാണ് കേരളം നേരിട്ടിരിക്കുന്നത്. വയനാട്ടിലെ ഈ അപകടത്തെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് കരുതുന്നു. അതിനാൽ എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളൂ വയനാട്ടിലെ ജനങ്ങളെ സഹായിക്കുക, അവരെ സപ്പോർട്ട് ചെയ്യുക. എന്റെ ഈ അവാർഡ് ഞാൻ മലയാളികൾക്കു വേണ്ടി സമർപ്പിക്കുന്നു.“ – എന്നാണ് ജൂഡ് ആന്റണി പറഞ്ഞത്.















