വയനാട്ടിലെ ദുരിതബാധിതരെ കഴിയുന്നതിന്റെ പരമാവധി സഹായിക്കണമെന്ന് ഗായികയും അവതാരികയുമായ റിമി ടോമി. പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാമെന്ന് റിമി ടോമി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് റിമി ടോമി വയനാടിന് പിന്തുണ അറിയിച്ചത്.
‘വയനാടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കാം. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ നമ്മുടെ കൈയ്യിലെ ചെറിയ തുകയാണെങ്കിലും അത് കുറഞ്ഞ് പോകുമല്ലോ എന്ന് വിചാരിക്കാതെ കഴിയുന്നത് പോലെ സഹായിക്കുക. നിങ്ങളുടെ ചെറിയ തുക ചെന്നെത്തുന്നത് ആശ്വാസകരമായ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള വലിയ തുകയിലേക്കാണ്’.
വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൂടി ചെയ്ത് കഴിഞ്ഞാൽ ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും നമ്മുടെ സഹോദരീ സഹോദരന്മാർക്കും അമ്മമാർക്കുമൊക്കെ ഏറെ ആശ്വാസമാകും. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നവരാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കണം. അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ നമുക്ക് ചെയ്യാമെന്നും റിമി ടോമി പറഞ്ഞു.
വയനാടിനെ സഹായിക്കുന്നതിന് വേണ്ടി സുമനസ്സുകളായ നിരവധി പേരാണ് സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്നത്. ഉറ്റവരെ നഷ്ടമായി നിശ്ചലമായി നിൽക്കുന്ന ആളുകൾക്ക് കൈത്താങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. സിനിമാ രംഗത്ത് നിന്നും മഞ്ജു വാര്യർ, ബേസിൽ ജോസഫ്, ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വയനാടിനെ സഹായിക്കുമെന്ന് ഉറപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.