ധാക്ക: ഏതാനും ദിവസത്തെ ശാന്തതക്ക് ശേഷം ബംഗ്ലാദേശിൽ വീണ്ടും കലാപകാരികൾ അഴിഞ്ഞാടാൻ തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് റോഡിലിറങ്ങിയ അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച ബംഗ്ലാദേശിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർ പ്രധാന ഹൈവേകൾ തടഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു.ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകർ കലാപകരികളെ പ്രതിരോധിക്കുവാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
മുൻസിഗഞ്ചിലെ സെൻട്രൽ ഡിസ്ട്രിക്റ്റിൽ രണ്ട് നിർമ്മാണ തൊഴിലാളികൾ ജോലിക്ക് പോകും വഴി അക്രമികളുടെ വെടിയേറ്റ് മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരായ അക്രമിസംഘവും , പോലീസും, ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിൽ ത്രികോണ ഏറ്റുമുട്ടൽ ആണിവിടെ നടക്കുന്നത്. തങ്ങൾ വെടിയുണ്ടകളൊന്നും പ്രയോഗിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വടക്കൻ ജില്ലയായ ബൊഗുരയിലുണ്ടായ അക്രമത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ പ്രതിഷേധങ്ങളിൽ മരണം പതിനെട്ടായതായി ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധക്കാർ നിസ്സഹകരണ പരിപാടി ആരംഭിച്ചപ്പോൾ തലസ്ഥാനത്തെ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ കോളേജ് ആശുപത്രി ഒരു സംഘം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം, സർക്കാർ ജോലികൾക്കുള്ള ക്വാട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച അക്രമിസംഘങ്ങൾ നടത്തിയ അക്രമത്തിൽ 150 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും 10,000 ത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. സുപ്രീം കോടതി മിക്ക ക്വാട്ടകളും റദ്ദാക്കിയതിനെത്തുടർന്ന് പ്രതിഷേധം താൽക്കാലികമായി നിർത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അക്രമികൾ വീണ്ടും തെരുവിലിറങ്ങി.