വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണൽ മോഹൻലാലിനെയും മോശം ഭാഷയിൽ അധിക്ഷേപിച്ച് യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബർ രംഗത്ത് വന്നത്. മോഹൻലാലിനെയും ലെഫ്റ്റനന്റ് കേണൽ പദവിയെയും സൈന്യത്തെയും വീഡിയോയിലൂടെ അസഭ്യം പറയുകയാണ് ജോസ് അലക്സ്.
ഉളുപ്പില്ലാത്തതിനാലാണ് മോഹൻലാൽ വയനാട് സന്ദർശിച്ചത്. പട്ടാളം പോക്രിത്തരമാണ് കാണിക്കുന്നതെന്നും സൈന്യത്തിന് നാണമില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. മോഹൻലാലിനെ എന്തിന് വയനാട് സന്ദർശിക്കാൻ അനുവദിച്ചു എന്ന് സൈന്യം ഉത്തരം നൽകണമെന്നും ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. പട്ടാളക്കാരും പൈസയ്‌ക്കാണ് പണിയെടുക്കുന്നതെന്ന് ചെകുത്താൻ പറഞ്ഞു.
എന്താണ് ദുരന്തമുഖത്ത് പട്ടാളക്കാർ ചർച്ച ചെയ്തതെന്ന് തന്നോട് സൈന്യം പറയണമെന്നാണ് ചെകുത്താൻ ആവശ്യപ്പെടുന്നത്. സൈന്യത്തെ മാത്രമല്ല ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ഇയാൾ വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്. യൂട്യൂബർക്കെതിരെ ജനങ്ങളും രംഗത്ത് വന്നു. സൈന്യത്തെ അധിക്ഷേപിച്ച ജോസ് അലക്സിനെതിരെ നിയമനടപടികൾ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.















