അമരാവതി: കോർബ-വിശാഖപട്ടണം എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപിടിച്ചു. രാവിലെയാണ് തീപിടിത്തമുണ്ടായത്. നാല് കോച്ചുകൾ പൂർണമായും കത്തി നശിച്ചതായി അധികൃതർ അറിയിച്ചു. രാവിലെ 6.30-ന് സ്റ്റേഷനിലെത്തിയ ട്രെയിനിലാണ് തീപിടിച്ചത്. അതിനാൽ സംഭവം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ ശങ്കർ ബ്രത പറഞ്ഞു. അഗ്നിശമന സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫോറൻസിക് വിദഗ്ധർ എത്തി പ്രാഥമിക അന്വേഷണം നടത്തിയെന്നും കമ്മീഷണർ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൻ പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളു. നിലവിൽ സംശയിക്കുന്ന തരത്തിലൊന്നുമില്ല. അറ്റകുറ്റപ്പണിക്കായി ബാക്കിയുള്ള കോച്ചുകൾ കോച്ചിംഗ് ഡിപ്പോട്ടിലേക്ക്(coaching depot) മാറ്റിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.