കോഴിക്കോട്: അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന് അർജുന്റെ സഹോദരി അഞ്ജു. നദിയിലിറങ്ങാൻ ഈശ്വർ മാൽപെ തയ്യാറായെങ്കിലും അധികൃതർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് അഞ്ജു ആരോപിച്ചു. നദിയിലിറങ്ങി തെരച്ചിൽ നടത്താൻ സ്വയം സന്നദ്ധത അറിയിച്ച് ഈശ്വർ മാൽപെ സംഘം രംഗത്തെത്തിയിരുന്നു.
ഗംഗാവലി പുഴയിൽ സ്വന്തം റിസ്‌കിൽ ഇറങ്ങാൻ ഈശ്വർ മാൽപെ സംഘം തയ്യാറായിരുന്നു. എന്നാൽ പുഴയിലിറങ്ങിയാൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഈശ്വർ മാൽപെ പുഴയിലിറങ്ങാതെ തിരിച്ചു പോവുകയായിരുന്നുവെന്ന് അർജുന്റെ സഹോദരി പറഞ്ഞു.
ഈശ്വർ മാൽപെയെ പൊലീസ് ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് ജിതിൻ വിളിച്ചപ്പോൾ പറഞ്ഞതെന്നും അവർ ആരോപിച്ചു. എന്തുകൊണ്ട് പുഴയിലിറങ്ങി തെരച്ചിൽ പുനരാരംഭിക്കുന്നില്ലെന്ന ചോദ്യത്തിന് പ്രതികൂല കാലാവസ്ഥയാണെന്നാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണമെന്നും അഞ്ജു പറഞ്ഞു.
എന്നാൽ അടിയൊഴുക്ക് കുറഞ്ഞതിനാൽ പുഴയിലിറങ്ങി തെരച്ചിൽ നടത്തുമെന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തെരച്ചിലിന് തയ്യാറായി ഈശ്വർ മാൽപെ ഉൾപ്പെട്ട സംഘം തയ്യാറായി എത്തിയെങ്കിലും തിരിച്ചു പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.















