ചെന്നൈ: കൊല്ലപ്പെട്ട ബി എസ് പി തമിഴ്‌നാട് ഘടകം അദ്ധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണിയെന്ന് റിപ്പോർട്ട്. കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിക്കുകയായിരുന്നു. സതീഷ് എന്ന പേരിൽ എഴുതിയ കത്തിൽ ആംസ്ട്രോങ്ങിന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു.
ഭീഷണിയെ തുടർന്ന് ആംസ്‌ട്രോങ്ങിന്റെ ഭാര്യയും കുടുംബാംഗങ്ങളും താമസിക്കുന്ന ചെന്നൈ അയനാവരം അപ്പാർട്ട്‌മെൻ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. വധഭീഷണി കത്തുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ അഞ്ചിന് ബഹുജൻ സമാജ് പാർട്ടിയുടെ തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 5 അഭിഭാഷകർ ഉൾപ്പെടെ 21 പേർ അറസ്റ്റിലായിരുന്നു. ഇതിൽ 20 പേരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചത്.
ആംസ്‌ട്രോങ് വധക്കേസിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളും കൊലപാതകത്തിന് കൈമാറിയ പണവും മരവിപ്പിക്കാനും കൊലപാതകത്തിന് നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ മരവിപ്പിക്കാനുമുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്നാണ് പോലീസ് ഭാഷ്യം. `
ആംസ്‌ട്രോങ്ങിന്റെ ഭാര്യ പോർക്കൊടിയെ ബി എസ് പി യുടെ തമിഴ്‌നാട് കോർഡിനേറ്ററായി നിയമിച്ചിരുന്നു.അവരും അഭിഭാഷകയാണ്.