ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ജോർജ് കുര്യൻ സംവദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ബിജെപി നേതൃത്വം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വയനാട് ദുരന്തത്തെ തുടർന്ന് കേന്ദ്രസർക്കാർ നൽകിയ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും ജോർജ് കുര്യൻ പ്രധാനമന്ത്രിയോട് പറഞ്ഞു.
മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയയാളായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി സൈന്യത്തിന്റെ ഉൾപ്പെടെ സജീവ ഇടപെടലും സഹായവും ആദ്യമണിക്കൂറുകളിൽ തന്നെ ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യന്റെ ഇടപെടലുണ്ടായിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദുരന്തഭൂമിയിലേക്ക് ഓടിയെത്തിയത്.
വയനാട്ടിലെ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ മഴക്കോട്ട് ധരിച്ച്, മുണ്ടു മടക്കികുത്തി രക്ഷാപ്രവർത്തകർക്കൊപ്പം നടക്കുന്ന ദൃശ്യങ്ങളും ഏറെ ചർച്ചയായി. ക്യാമ്പുകളിലെത്തി അവിടെയുള്ള സൗകര്യങ്ങൾ വിലയിരുത്തിയും സന്നദ്ധ പ്രവർത്തകർക്ക് മാർഗനിർദേശങ്ങൾ നൽകിയും വയനാട്ടിൽ അദ്ദേഹം സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കാണാൻ ന്യൂഡൽഹിയിലേക്ക് തിരിച്ചത്.