പാരിസ് ഒളിമ്പിക്‌സിൽ ഏവരും ഉറ്റുനോക്കുന്നത് നീരജ് ചോപ്രയുടെ പ്രകടനത്തിനായാണ്. ഭാരതത്തിനൊരു വ്യക്തിഗത സ്വർണമെഡൽ തന്നെയാണ് നീരജിൽ നിന്ന് ഓരോ ഭാരതീയനും പ്രതീക്ഷിക്കുന്നത്. ചരിത്രം കുറിച്ച് നീരജ് വീണ്ടും സ്വർണ മെഡൽ സ്വന്തമാക്കിയാൽ വമ്പൻ വാഗ്ദാനങ്ങളാണ് ഓരോ സ്റ്റാർട്ട് അപ്പ് കമ്പനികളും നൽകിയിരിക്കുന്നത്. എന്നാൽ വിസ സ്റ്റാർട്ട് അപ്പ് കമ്പനിയായ അറ്റ്‌ലിസ് നടത്തിയ വാഗ്ദാനമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
ഓഗസ്റ്റ് 8-ാം തീയതി നടക്കുന്ന നീരജ് ചോപ്രയുടെ പ്രകടനത്തിൽ അദ്ദേഹത്തിന് സ്വർണ മെഡൽ ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്നാണ് അറ്റ്‌ലിസ് സിഇഒ മൊഹാവ്ക് നഹ്തയുടെ വാഗ്ദാനം. സമൂഹ മാദ്ധ്യമമായ ലിങ്ക്ഡ്ഇൻ മുഖേനയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു ദിവസത്തേക്കുള്ള സൗജന്യ വിസ നേടാനുള്ള അവസരമാണ് അദ്ദേഹം എല്ലാ രാജ്യക്കാർക്കും നൽകിയിരിക്കുന്നത്. നീരജ് സ്വർണമെഡൽ സ്വന്തമാക്കിയാൽ താൻ തന്നെ സൗജന്യ വിസയ്‌ക്ക് അപേക്ഷിക്കുന്നവർക്ക് നേരിട്ട് വിസ അയച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 30നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചത്. എന്നാൽ അതിൽ നിരവധി പേർ സംശയങ്ങളുമായി എത്തിയതോടെയാണ് വീണ്ടും പോസ്റ്റ് നൽകുന്ന ഉറപ്പ് ഊട്ടി ഉറപ്പിക്കുന്നതിനായി അദ്ദേഹം രംഗത്തെത്തിയത്.
നീരജ് സ്വർണ മെഡൽ സ്വന്തമാക്കിയാൽ ഏത് രാജ്യക്കാരനും അറ്റ്‌ലിസ് സ്റ്റാർട്ട് അപ്പ് വഴി ഒരു ദിവസത്തെ സൗജന്യ വിസയ്‌ക്ക് അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പ്രത്യേകം പണം ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ-മെയിൽ വിവരങ്ങൾ പങ്കുവയ്‌ക്കുന്നവർക്ക് സൗജന്യ വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാമെന്നും നെഹ്ത അറിയിച്ചു. നിമിഷനേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് പിന്നാലെ സൗജന്യ വിസയ്‌ക്കായി അപേക്ഷിച്ചത്.















