ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെയും നിർദ്ദേശപ്രകാരം ബിജെപി ന്യൂനപക്ഷ മോർച്ച ഓഗസ്റ്റ് 11 മുതൽ 14 വരെ രാജ്യത്തുടനീളം ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ “ഹർ ഘർ തിരംഗ” ക്യാമ്പയിൻ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, ദർഗകൾ, മദ്രസകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തും.
ഇതിന്റെ ഭാഗമായി ബിജെപി ന്യൂനപക്ഷ വിഭാഗം ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദിഖി ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ദേശീയ ചുമതലക്കാരെയും സഹ ചുമതലക്കാരെയും പ്രഖ്യാപിച്ചു. ന്യൂനപക്ഷ മോർച്ചയുടെ ദേശീയ സെക്രട്ടറിയായ സയ്യിദ് ഇബ്രാഹിമിന് ദേശീയ ചുമതലയും ദേശീയ എക്‌സിക്യൂട്ടീവ് അംഗം മൊ. ഖുർഷിദ്, ജോസഫ് ജോൺ ഹുക്കിൻസ് എന്നിവർക്ക് സഹ ചുമതലയുമാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഈ വർഷവും ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നടത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 ന് ത്രിവർണ്ണ പതാക പൊതുജനങ്ങൾക്ക് സമ്മാനിക്കുകയും അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദർഗകളിലും മദ്രസകളിലും ത്രിവർണ്ണ പതാക ഉയർത്താൻ അഭ്യർത്ഥിക്കണമെന്നും ജമാൽ സിദ്ദിഖി മുന്നണി ഭാരവാഹികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം കശ്മീരിൽ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുകയും സ്വാതന്ത്ര്യ സമര സേനാനികളായ ക്യാപ്റ്റൻ ഉസ്മാൻ, വീർ അബ്ദുൾ ഹമീദ് എന്നിവരുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ച് മുന്നണി ഭാരവാഹികൾ ത്രിവർണ പതാക ഉയർത്തി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















