ബേസിൽ ജോസഫും നസ്റിയ നസീമും ഒന്നിക്കുന്ന ചിത്രം സൂഷ്മദർശിനിയുടെ ചിത്രീകരണം പൂർത്തിയായി. എംസി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി പുതുമുഖങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത വേഷത്തിലെത്തി പ്രേക്ഷകപ്രീതി നേടുന്ന ബേസിലിന്റെയും നസ്റിയയുടെയും കോംബോ കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റ്, എ.വി.എ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിജ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം നസ്റിയ നായിക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സൂഷ്മദർശിനി.
അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.















