ലക്നൗ: അയോദ്ധ്യയിൽ കൂട്ട ബലാത്സംഗത്തിന് 12കാരി ഇരയായ സംഭവത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്ത് സമാജ്വാദി പാർട്ടി. കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് സമാജ്വാദി നേതാക്കൾ പറഞ്ഞതായി പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടു. സംഭവത്തിനെതിരെ അന്വേഷണം നടത്തണമെന്നും 12കാരിയുടെ അമ്മ ആവശ്യപ്പെട്ടു.
ഭാദർസ നഗറിലെ സമാജ്വാദി പാർട്ടിയുടെ പ്രാദേശിക നേതാവായ മുഹമ്മദ് റാഷിദാണ് പണം വാഗ്ദാനം ചെയ്തത്. പാർട്ടിയിലെ ചില നേതാക്കൾ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് പണം വാഗ്ദാനം ചെയ്തതായി പെൺകുട്ടിയുടെ അമ്മ ബിഎസ്പി നേതാവ് വിശ്വനാഥ് പാലിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തുമെന്നും പണം വാഗ്ദാനം ചെയ്ത വിവരം പെൺകുട്ടിയുടെ അമ്മ അറിയിച്ചുവെന്നും പറഞ്ഞത് വിശ്വനാഥ് പാൽ രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 30നാണ് 12 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സമാജ്വാദി പാർട്ടി നേതാവ് മൊയ്ദ് ഖാനെയും ഇയാളുടെ സഹായി രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് രണ്ട് മാസത്തോളമുള്ള ക്രൂര പീഡനത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ മൊയ്ദ് ഖാൻ അനധികൃതമായി പണിത വീട് ലക്നൗ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു.