ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ബംഗാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
‘സമീപകാലത്തെ സംഭവവികാസങ്ങളും ഭീഷണികളും മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുത്. കൂടാതെ എല്ലാ ഭാരതീയരോടും ബംഗ്ലാദേശ് വിടാൻ കർശനമായി നിർദ്ദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് തുടരേണ്ട സാഹചര്യമുള്ളവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. അവശ്യഘട്ടത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും പങ്കുവച്ചിട്ടുണ്ട്. 8801958383679, 8801958383680, 8801937400591 നമ്പറുകളിൽ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം.
സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസുകാരുൾപ്പെടെ ഇതുവരെ 100-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് 6 മണി മുതൽ മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം കലാപമുണ്ടാക്കുന്നവർ വിദ്യാർത്ഥികളല്ല മറിച്ച് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ഈ ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.















